സ്വവര്‍ഗ്ഗ വിവാഹം: ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിലേക്ക്
സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കുള്ള നിയമ തടസ്സം നീക്കണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് വിഷയം വിശദമായ പരിശോധനക്കായി അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്കു അയയ്ക്കാന്‍ ഉത്തരവിട്ടത്. ഏപ്രില്‍ 18ന് ഹര്‍ജികള്‍ ബഞ്ചിന്റെ മുന്നിലെത്തും.
ഒരേ ലൈംഗികസ്വത്വത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹബന്ധം ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് ചേരാത്തതാണ് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലെ എതിര്‍നിലപാട്. ജൈവശാസ്ത്രപരമായി ആണും പെണ്ണും ആയ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹമാണ് വിശുദ്ധവും സംസ്‌കാരത്തിന് ചേര്‍ന്നതുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയില്‍ വിവാഹം എന്ന സംവിധാനം നൂറ്റാണ്ടുകളിലൂടെ ഉറച്ചതും, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശുദ്ധമെന്ന് കരുതപ്പെടുന്നതുമാണ്. വിശ്വാസ, സാമൂഹ്യക്രമങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്ന ഈ വിവാഹ സംവിധാനത്തില്‍ മാറ്റം വരുത്തണമെങ്കില്‍ തന്നെ അത് നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ പാടുള്ളൂ, കോടതി വിധിയിലൂടെയാകരുത് എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ കൂടെ പരിഗണിച്ചുള്ള വ്യക്തിനിയമങ്ങളാലാണ് വിവാഹബന്ധത്തെ നിയമപരമായി നിര്‍ണയിച്ചിരിക്കുന്നത്. ഇത്തരം വ്യക്തിനിയമങ്ങളെല്ലാം ആണും പെണ്ണും തമ്മിലുള്ള ബന്ധമായാണ് വിവാഹബന്ധത്തെ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ, വിവാഹബന്ധം സംബന്ധിച്ചുള്ള ഏത് മാറ്റവും വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്നും കേന്ദ്രം 56 പേജുള്ള സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഈ വാദങ്ങള്‍ കൂടെ പരിഗണിച്ചാണ് സുപ്രീം കോടതി കേസില്‍ അന്തിമ വിധി പറയുക. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രതിനിധികളും സംഘടനകളും രംഗത്ത് വന്നിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് സ്വവര്‍ഗപ്രണയികള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും അനുകൂലമായ പ്രസ്താവന നടത്തിയിരുന്നു. ആര്‍എസ്എസ് നിലപാട് അതായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിലപാടെടുത്തതിന്മേലുള്ള രാഷ്ട്രീയചര്‍ച്ചയും സജീവമായിട്ടുണ്ട്.